സ്വർഗീയ സാരംഗുകളിൽ നാദ ദുന്ദുഭിയുണരുന്നു..!!

-ബശീർ ഫൈസി ദേശമംഗലം സ്വർഗ്ഗത്തിനൊരു ഘോഷമുണ്ട്..! എല്ലാ സൗന്ദര്യത്തോടെയും സ്വർഗം ചമഞ്ഞ് ഒരുങ്ങും റമളാനിനെ സ്വീകരിക്കാൻ.. സുഗന്ധ പരിമളം പറുദീസയുടെ താഴ്വാരങ്ങളിൽ കിന്നരിച്ചു ഒഴുകി നടക്കും. അർഷിന്റെ താഴ്‌ഭാഗത്ത് നിന്നും 'മുശീറ' എന്നൊരു കാറ്റ് വീശും. ആ തെന്നലിന്റെ തലോടലിൽ സ്വർഗ്ഗ വൃക്ഷങ്ങളുടെ ഇലകൾ നൃത്തം ചെയ്യും. സ്വർഗ്ഗ കവാടങ്ങളുടെ വളയങ്ങൾ തമ്മിലുരസി കർണ്ണാനന്ദകരമായ സംഗീതം പൊഴിക്കും... അഴകേറിയ നയനങ്ങളുള്ള സ്വർഗ്ഗ സ്ത്രീകൾ അവരുടെ മേടകളിൽ നിന്ന് പുറത്തേക്കിറങ്ങും. അപ്പോൾ സ്വർഗീയ സാരംഗുകളിൽ നിന്നും നാദ ദുന്ദുഭിയുയരാൻ തുടങ്ങും... മുത്തും,മരതകവും,വജ്രവും,പവിഴവും , സ്വർണ്ണവും ,വെള്ളിയും,വൈഡ്യൂര്യവും, യാഖൂത്തും ,മർജാനും പതിച്ച 'റയ്യാൻ' വാതിലിൽ ആത്മഹർഷത്തിൽ അഴകേറും സപ്ത വർണ്ണ രാജികൾ ജ്വലിക്കും. സ്വർഗ്ഗ കാവൽക്കാരനായ രിളുവാനോട് പറയപ്പെടും: "ഹേ! രിളുവാൻ സ്വർഗ്ഗ കവാടങ്ങൾ തുറക്കുക! എന്റെ ഹബീബിന്റെ ഉമ്മത്തിന്റെ റമളാൻ വന്നെത്തിയിരിക്കുന്നു....!!" നാഥന്റെ ശബ്ദം കേട്ട് സ്വർഗ്ഗ ലോകം കോരിത്തരിക്കും..!! നോമ്പ്കാരനെ സ്വീകരിക്കാൻ ...