സ്വർഗീയ സാരംഗുകളിൽ നാദ ദുന്ദുഭിയുണരുന്നു..!!



-ബശീർ ഫൈസി ദേശമംഗലം
          സ്വർഗ്ഗത്തിനൊരു ഘോഷമുണ്ട്..!
എല്ലാ സൗന്ദര്യത്തോടെയും സ്വർഗം
ചമഞ്ഞ് ഒരുങ്ങും റമളാനിനെ സ്വീകരിക്കാൻ..
സുഗന്ധ പരിമളം പറുദീസയുടെ താഴ്വാരങ്ങളിൽ കിന്നരിച്ചു ഒഴുകി നടക്കും.

അർഷിന്റെ താഴ്‌ഭാഗത്ത് നിന്നും
'മുശീറ' എന്നൊരു കാറ്റ്  വീശും.
ആ തെന്നലിന്റെ തലോടലിൽ
സ്വർഗ്ഗ വൃക്ഷങ്ങളുടെ ഇലകൾ നൃത്തം ചെയ്യും.
സ്വർഗ്ഗ കവാടങ്ങളുടെ വളയങ്ങൾ തമ്മിലുരസി കർണ്ണാനന്ദകരമായ
സംഗീതം പൊഴിക്കും...
അഴകേറിയ നയനങ്ങളുള്ള
സ്വർഗ്ഗ സ്ത്രീകൾ അവരുടെ മേടകളിൽ നിന്ന് പുറത്തേക്കിറങ്ങും.
അപ്പോൾ സ്വർഗീയ സാരംഗുകളിൽ നിന്നും നാദ ദുന്ദുഭിയുയരാൻ തുടങ്ങും...

മുത്തും,മരതകവും,വജ്രവും,പവിഴവും , സ്വർണ്ണവും ,വെള്ളിയും,വൈഡ്യൂര്യവും,
യാഖൂത്തും ,മർജാനും പതിച്ച
'റയ്യാൻ' വാതിലിൽ  ആത്മഹർഷത്തിൽ
അഴകേറും സപ്ത വർണ്ണ രാജികൾ ജ്വലിക്കും.
സ്വർഗ്ഗ കാവൽക്കാരനായ രിളുവാനോട് പറയപ്പെടും:
"ഹേ! രിളുവാൻ സ്വർഗ്ഗ കവാടങ്ങൾ  തുറക്കുക! എന്റെ ഹബീബിന്റെ ഉമ്മത്തിന്റെ
റമളാൻ വന്നെത്തിയിരിക്കുന്നു....!!"
നാഥന്റെ ശബ്ദം കേട്ട് സ്വർഗ്ഗ ലോകം കോരിത്തരിക്കും..!!
നോമ്പ്കാരനെ സ്വീകരിക്കാൻ നാളെ സ്വർഗം
കാത്തിരിക്കും.

അതെ പ്രണയത്തിന്റെ സാഫല്ല്യമാണത്‌.
പ്രണയിനിക്ക് വേണ്ടി ദേഹ സുഖങ്ങളുടെ തിരസ്ക്കാരത്തിനു കാത്തു വെച്ച സമ്മാനം.
അന്ന് പറുദീസയുടെ താഴ്വരയിൽ സമാഗമം നടക്കും.
കാമുകനും കാമുകിയും കണ്ടു മുട്ടുന്ന ആത്മ ലഹരിയിൽ ഹൂറുകൾ കുരവയിടും.
മലക്കുകൾ വെഞ്ചാമരം വീശും...
അതാണ് മുത്തു നബി പറഞ്ഞത്:
"നോമ്പ് കാരന് രണ്ടു ആഹ്ലാദമുണ്ട് ഒന്ന് ഇഫ്‌താറിന്റെ വേള,രണ്ടു സ്വർഗത്തിൽ നാഥനെ കണ്ടു മുട്ടുന്ന സമയം "

അതെ അനിർവജനീയമായ ആത്മ സായൂജ്യത്തിന്റെ ആകാശപ്പരപ്പിൽ അല്ലാഹുവിനെ നേരിൽ കാണുന്ന
ആ മുഹൂർത്തം ഓർത്താൽ ഒരു നിമിഷം പോലും നാഥനെ മറക്കാൻ നമുക്കാവില്ല.
ഈ റമളാൻ നമ്മുടെ ചിന്തകളിൽ മാറ്റം വരുത്തട്ടെ.വിശപ്പിന്റെ വിളി അറിയാനാണ് നോമ്പ് എന്ന ക്ലീഷേകളെ ഇനിയും നാം കൊണ്ട് നടക്കണോ!?
ഇഫ്താറിന്റെ വേളകളിൽ വിഭവങ്ങളുടെ സമൃദിയിൽ നാം പലപ്പോഴും നോമ്പിന്റെ മൗലിക ലക്‌ഷ്യം മറന്നു പോകുന്നു.
നാഥാ..
നാളെ സ്വർഗീയ സാരംഗുകൾ സംഗീതം
പൊഴിക്കുന്ന നിമിഷത്തിൽ നിന്നെയൊന്നു കാണാൻ..
സങ്കല്പങ്ങളുടെ പരികൽപ്പനകൾ പോലും തെറ്റായ
അരൂപിയായ നാഥാ
നിന്നെ കണ്ടു നില്ക്കാൻ ഞങ്ങൾക്ക് ഭാഗ്യമേകണേ..!!

Comments

Popular posts from this blog

SYED ABDURAHMAN MUSHAYYAKH (Akatthe Koya Thangal)

A Great Symbol Of Benevolence

هذه مثرّة عن فضيلة الشيخ خاجا معين الدين الجشتي الحسن السنجريّ الأجميريّ(An Arabic Poem About Shaikh Khwaja Moinuddin Chisti, Ajmer(with English translation